പകല്‍പ്പൂരം

യലിന്‍റെ കരയില്‍  
വെയിലിന്‍റെ കുടയില്‍
പെരുമയുടെ  പൂരം.

ആനകള്‍ കുതിരകള്‍
കാളകള്‍ തേരുകള്‍
ആണ്ടികള്‍ ചോഴികള്‍
കാളിമാര്‍ ദാരികര്‍ 
പൂതം തിറ തെയ്യം 
ഒരുമയുടെ പൂരം.

പഞ്ചവാദ്യത്തില്‍ 
പഞ്ചാരിമേളത്തില്‍
പാടിപ്പതിഞ്ഞ
പഴഞ്ചൊല്ലുകള്‍ .
ചെണ്ടയില്‍ താണ്ഡവം
മര്‍ദ്ദള സാന്ത്വനം.

കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം,
ശാഖാശിരങ്ങളില്‍
പരിദേവനങ്ങള്‍ .
അവരോഹണങ്ങളില്‍
പഴയൊരു പൂരം, 

അപചിതമായൊരുകാലം
സല്‍പഥരാം പുരുഷാരം
ഉല്‍ഫുല്ലമോര്‍മ്മകള്‍
ഉള്ളിലക്കാഴ്ച്ചകള്‍ .

കാവുകളുടെ  പാലാശം
പൂക്കളുടെ സോല്‍പ്രാസം
കിളികളുടെ  സംരാവം.
പൊരുളുകളുടെ പൂരം.

കതിരാടും വയലില്‍
കായ്ക്കറിയുടെ ഞാലില്‍ 
വാഴയില്‍  തെങ്ങില്‍ 
കമുകില്‍ മുളകില്‍
ഉപചരിത പൂരം.

ആമ്പല്‍ക്കുളത്തില്‍
ആറ്റുനീരാട്ടില്‍
കുന്നുമ്മലകളില്‍  
കാവില്‍ കവലയില്‍  
മുളയിട്ട ഭഗവതീ 
കഥകളുടെ പൂരം.

പഴമയുടെ  പൂരത്തില്‍
പ്രകൃതിയുടെ പ്രണിധാനം.




17 coment�rios :

പൂരം കവിതയില്‍ പരിചയമില്ലാത്ത ഒരുപാട് വാക്കുകള്‍...എന്നാലും പൂരമല്ലേ? മനസ്സൊന്ന് താളം പിടിക്കാതിരിക്കുമോ? നല്ലത്
കവിത പൊടിപൂരം. എന്താണ് സോല്‍പ്രാസം ?
പൂരം കണ്ടു മടങ്ങുന്നു ഞാന്‍...
പൂരം പൊടിപൂരം ഇത് തൃശൂര്‍പൂരം തന്നെയായി. ഒരു പ്രത്യേക കാലത്തിലേക്ക് കൊണ്ട് പോയി. വര്‍ണ്ണിക്കാനാവാത്ത ഒരനുഭൂതി.
വയലിൽ, കായ്കറികളിൽ, പൂക്കളിൽ, കമുകിൽ, ... പ്രകൃതിയുടെ കുടമാറ്റങ്ങളിൽ താങ്കളൊരു പൂരം ദര്ശിക്കുമ്പോൾ കവിതയുടെ വായ്ത്താരി വളരെ നന്നായി. പിന്നെ എന്തിനാ, വായനക്കാരനെക്കൊണ്ട് ശബ്ദതാരാവലി എടുപ്പിക്കുന്നത്?
പൂരക്കാഴ്ച്ചകള്‍.വാക്കുകള്‍ കടുകട്ടി.എന്‍റെ മലയാളം പോര എന്ന് പറയുന്നതാവും ഉചിതം അല്ലെ.
പദങ്ങളുടെ മേളപ്പെരുക്കം കൊണ്ട് ഈ പൂരം അതിഗംഭീരമായി.
ആനകളില്ലാത്ത പൂരമാണെനിയ്ക്കിഷ്ടം.
അജിത്‌,മൊയ്തീന്‍,zephyr zia(മലയാളത്തില്‍ തോറ്റു)സലാം,ശ്രീനാഥന്‍,ശ്രീദേവി,യൂസുഫ്പ..
എല്ലാവര്‍ക്കും നന്ദി.ശ്രീനാഥന്‍ സാര്‍ ഉദ്ദേശിച്ച പോലെ അന്വേഷിച്ചു കണ്ടെത്തിയത് തന്നെയാണ് ചിലവാക്കുകള്‍.സലാം പറഞ്ഞ പോലെ ആ പഴയ കാലത്തെക്കെത്താനൊരു കുറുക്കുവഴി.
മൊയ്തീന്‍..അല്‍പ്പാല്‍പ്പം ചിരിക്കുന്നതിനെ സോല്‍പ്രാസം എന്ന് പറയും.പുഞ്ചിരിയുടെ വേറൊരു രൂപം.സോല്‍പ്രാശം എന്നാല്‍ പരിഹാസവാക്കെന്നും ആകും.
(പ്രിയ സുഹൃത്തുക്കളെ ഇതൊന്നും പഠിച്ചുകഴിഞ്ഞതല്ല.പഠിച്ചുകൊണ്ടിരിക്കുന്നതാണ്)
ഉഗ്രന്‍ , പൂരം കണ്ട പ്രതീതി . നന്ദി മാഷേ
അതേ സലാം പറഞ്ഞതു തന്നെ
ഒരനുഭൂതിയേകുന്നു ഈ കവിത
സലാം!
Blog-ഇല്‍ smiley കൂടെ ചേര്‍ക്കണമായിരുന്നു...
എന്നാല്‍ ഞാന്‍ ബോധം കേട്ട് വീഴുന്ന smiley ഉപയോഗിച്ചേനെ ...

ശബ്ദതാരാവലി അത് കിടു..
ഞാന്‍ തീരെ .. വളരെ മോശം ആണ് പുതിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ .. അത് കൊണ്ടാണേ..

പൂരം ഗംഭീരം.. അഭിനന്ദനങ്ങള്‍..
പഞ്ച വാദ്യത്തില്‍ പഞ്ചാരി
(ഇങ്ങനെ ഒന്നില്ല,ചെണ്ടയില്‍ ഉണ്ട് )
കാളികള്‍( കാളിമാര്‍ ആണ് ശരി )
മാര്‍ദ്ദളം(കേട്ടിട്ടേ ഇല്ല മദ്ദളം എന്ന ഒരു കൊട്ട് വാദ്യം ഉണ്ട് അതാണോ ആവോ )
കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം
(അരയാലില്‍ കാല്‍ച്ചിലമ്പ് ..എന്താണ് അര്‍ത്ഥമാക്കുന്നത് ? അക്ഷര പിശക് വേറെ )
സല്പഥരാം (????)നല്ല നടപ്പിനു വന്നവരാണോ ?
സംരാവം (സംരവം അല്ലേ?)

എന്തിനാ മുഹമ്മദേ ബുദ്ധി മൈഥുനം നടത്തി വായനക്കാരെ കഷ്ടപ്പെടുത്തുന്നത് ? എഴുതുന്നയാള്‍ക്ക് പൂര്‍ണ ബോധ്യമില്ലാത്ത വാക്കുകളോ പദങ്ങളോ ദയവായി കവിതയില്‍ ഉപയോഗിക്കാതിരിക്കുക..യൂസഫലി കേച്ചേരി യൊക്കെ സംസ്കൃതത്തിലും മറ്റും അപാര പാണ്ഡിത്യം നേടിയിട്ടാണ് കവിതകള്‍ രചിക്കുന്നത്‌.അവഗാഹമായ അറിവുള്ളവരില്‍ നിന്ന് അനര്‍ഗളമായി വരുന്ന വാക്കുകള്‍ അവരുടെ രചനകള്‍ക്ക് ആഭരണങ്ങളായി മാറും .എന്നാല്‍ കേട്ടറിവ് വച്ചോ ശബ്ദതാരാവലി നോക്കിയോ രചന നടത്തിയാല്‍ ആ വാക്കുകള്‍ കവിതയിലെ അറപ്പുണ്ടാക്കുന്ന ദുര്‍മേദസായി തൂങ്ങി ക്കിടക്കും...താങ്കള്‍ ബഹുഭൂരിപക്ഷം വരുന്ന ബ്ലോഗിലെ സാധാരണ ക്കാര്‍ക്കായി ലളിത ഭാഷയില്‍ എഴുതാന്‍ ശ്രമിക്കുക..ഭാഷ പോഷിനിയിലും മറ്റും ഇത്തരം കവിതകള്‍ കുറ്റമറ്റ താക്കി നല്‍കിയാല്‍ ചുരുങ്ങിയ പക്ഷം അവര്‍ ആ കടലാസ് തുറന്നു നോക്കുകയെങ്കിലും ചെയ്യും ..:)
രമേശ്‌,

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി.(കാളിമാര്‍,പഞ്ചാരിമേളം)

ഇതൊന്നു ശ്രദ്ധിക്കുക.
@ വാദ്യപ്രഭേദം ഡമരുമഡ്ഡുഡിണ്ഡിമത്ധര്‍ത്ധരാ:
മര്‍ദ്ദള:പണവോ/

@ ആരവാരാവസംരാവവിരാവാ അഥ മര്‍മ്മര:

@(സല്‍പഥര്‍)നേരായമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍

പിന്നെ,കാറ്റില്‍ തുള്ളുന്ന ഒരു വയസ്സനാല്‍മരവും ചുവട്ടില്‍ അതിലും വയസ്സനായ ഒരു വെളിച്ചപ്പാടും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.

അതിലെ "ശാഖ"കൊമ്പും,"ശിര"അഗ്രവുമാണ്. ദയവായി അത് അക്ഷരത്തെറ്റായി കാണാതിരിക്കുക.


@ ശബ്ദതാരാവലി ഇതുവരെ വായിച്ചിട്ടില്ല എന്നതാണ് സത്യം.ഈ കവിതയില്‍ എഴുതിയ വാക്കുകള്‍ മിക്കതും ബാല്യമനസ്സില്‍ പതിഞ്ഞ ചില വരികള്‍ തന്നെയാണ്..അത് ഇടക്കിടക്കെടുത്ത് തുടച്ചുമിനുക്കിവക്കാന്‍ ഒരു പൂതി
തോന്നുമ്പോള്‍ സംശയങ്ങള്‍ തീര്‍ക്കാറും
ഉണ്ട്.
ലളിതമായത് എഴുതുവാന്‍ മാത്രമേ അറിയൂ..പിന്നെ ഈ സാഹസങ്ങള്‍ക്ക് മുതിരുന്നത് ഒരാത്മസംതൃപ്തിക്കു വേണ്ടി മാത്രമല്ല,അക്ഷരങ്ങള്‍ക്ക് നാവുവഴങ്ങാന്‍ തുടങ്ങിയ കാലത്ത് സലാത്തും ദിക്റുകള്‍ക്കുമൊപ്പം സംസ്കൃതശ്ലോകങ്ങളും ചൊല്ലിപ്പഠിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു പിതാവിന്‍റെ സ്മരണകള്‍ക്ക് മുന്നിലെ പ്രണാമം കൂടിയാണ്.
താങ്കളുടെ ഉപദേശനിര്‍ദേശങ്ങള്‍ക്ക് തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്,
നമ്മളിൽ ചിലർക്കു ചില കുഴപ്പങ്ങളുണ്ട് നല്ലകട്ടിയുള്ള വാക്കുകൾ കൂ‍ട്ടിവെച്ചാലെ കവിതയാകുകയുള്ളൂ എന്നും വായിക്കുന്നവനു നാവു കുഴഞ്ഞാലെ കവിതയുടെ ചാരുതവരികയുള്ളു എന്നൊക്കെ ഈ കവിതയും അങ്ങനെയാണു
മാഷേ, വായിച്ചുപോകുന്നു.
സംസ്കൃത ശ്ലോകങ്ങളിലെ പദങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കൂടി ശ്രദ്ധിക്കണേ.
തൃശ്ശൂര്‍ പൂരം കണ്ട സുഖം.....ഇടിവെട്ട് വാക്കുകള്‍..ഹി
സത്യം പറയാമല്ലോ..പല വാക്കുകളും ജീവിതത്തില്‍ ആദ്യമായി
കേള്‍ക്കുന്നതാണ്...
നല്ലൊരു ആശയം...വരികള്‍ മനോഹരം!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply