അനുഭവങ്ങള്‍ പാളിച്ചകള്‍
തൃശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും.
നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടെയൊരു ഓടിട്ട വീടുണ്ടായിരുന്നു. തേക്കിന് കാട് തുടങ്ങുന്നിടത്ത് വളര്‍ന്നു പന്തലിച്ച മാവുകള്‍ക്ക് മറവിലായിരുന്നു അത്. ഇപ്പോള്‍ അതിന്റെ സ്ഥാനം നിര്‍ണ്ണയിക്കുക പ്രയാസമാണ് . അതിനപ്പുറവും ഇപ്പുറവും ഒക്കെ പുതിയ വീടുകള്‍ ഉയര്‍ന്നു.
എങ്കിലും ഓര്‍മ്മകളില്‍ ആ വീട് അങ്ങിനെത്തന്നെയുണ്ട്. ഉള്ളിലും പുറത്തും വെള്ള തേച്ച് വര്‍ണ്ണപ്പകിട്ടൊന്നും പുറത്ത് കാണിക്കാത്ത ഒരു കൊച്ചു വീട്. അതില്‍ താമസിച്ചിരുന്നവരുടെ പേരുകള്‍ ഒന്നും അറിയില്ല. ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ട ഒരു യാത്രയാണ് അവരെ മറക്കാതിരിക്കാനുള്ള കാരണം. ഇപ്പോഴും അവിടെയെത്തിയാല്‍ ഓര്‍മ്മകളില്‍ ഒരു സൌഗന്ധികം പൂത്തുലഞ്ഞ മണം എവിടെനിന്നോ വന്ന് എന്നെത്തഴുകിപ്പോകുന്നുണ്ട്. അതെ, അവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും അങ്ങിനെയുള്ളൊരു മനസ്സ് എപ്പോഴും സുഗന്ധം പരത്തി വിരിഞ്ഞു കൊണ്ടിരിക്കണേ എന്നൊരു പ്രാര്‍ത്ഥന എന്നുമെന്റെ ഉള്ളിലുണ്ട്.
ഒരു വേനല്‍ക്കാലത്താണ് ഇതിനെല്ലാം ആസ്പദമായ സംഭവമുണ്ടായത്. സമയം രാവിലെ ഏതാണ്ട് ഒമ്പത് മണിയായിക്കാണും. മരങ്ങളുടെ തണലും മനുഷ്യരുടെ നിഴലുമുള്ള പഴയ പാത. വല്ലപ്പോഴും മാത്രം എതിരെ വരുന്ന ചില വാഹനങ്ങള്‍ . ഒരു അംബാസഡര്‍ ടാക്സി കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഞാനും മറ്റേയറ്റത്ത് കിളി നാരായണന് കുട്ടിയും ഇരിക്കുന്നു. ആ വീട്ടില്‍ നിന്നും കൊരട്ടി എന്ന സ്ഥലത്തേക്ക് ഒരു ഓട്ടം കിട്ടിയ സന്തോഷം എന്റെ ഉള്ളിലുണ്ട് . അന്ന് തൃശ്ശൂരിലേക്കൊക്കെ ഓട്ടം കിട്ടുകയെന്ന് പറഞ്ഞാല്‍ ഭാഗ്യം വീണു കിട്ടുന്നത് പോലെയാണ്.
യാത്രക്കാര്‍ നാല് പേരുണ്ടായിരുന്നു. വളരെ അവശനായ ഒരു മ്ലാനവദനന്‍ . അയാളുടെ ഭാര്യ. സഹായികളായി അയല്‍ക്കാരായ രണ്ട് ചെറുപ്പക്കാര്‍ .
പതിവുപോലെ കണ്ണാടിയിലൂടെ പിറകിലുള്ളവരെ ശ്രദ്ധിച്ചുകൊണ്ട് ഇരിപ്പൊക്കെ ഒന്ന് സുഖകരമാക്കിയാണ് എന്റെ യാത്ര. കൊരട്ടിയിലേക്കാണ്, ആശുപത്രിയിലേക്കാണ് എന്നൊക്കെ ആദ്യമേ പറഞ്ഞിരുന്നത് കൊണ്ട് പാട്ട് വെക്കണോ വേണ്ടയോ എന്നൊരു സംശയം ഒഴിച്ച് ബാക്കിയെല്ലാം ഭദ്രം.
വണ്ടി കുണ്ടന്നൂര്‍ ചുങ്കം എത്താറായപ്പോഴാണ് കാര്യങ്ങള്‍ ഒരു കഥയിലേക്കെത്തിത്തുടങ്ങിയത്. വളവുകളും തിരിവുകളുമുള്ള കുണ്ടും കുഴിയും നിറഞ്ഞ വീതി കുറഞ്ഞ റോഡാണ്. പോരെങ്കില്‍ , പതുക്കെ വിട്ടാല്‍ മതി എന്ന് എല്ലാവരും പറയുന്ന കാലവും.
അതുകൊണ്ടു തന്നെ "ചിറ്റണ്ട" കഴിഞ്ഞപ്പോള്‍ മുതല്‍ കഥ മണം പിടിച്ചു തുടങ്ങിയിരുന്നു. എന്നെയാണോ അതോ നാരായണന് കുട്ടിയെയാണോ അത് ആദ്യം പിടികൂടിയത് എന്ന സംശയമേയുള്ളു. ഒരിക്കല്‍ ഞാന്‍ നാരായണന് കുട്ടിയെ നോക്കിയപ്പോള്‍ നാരായണന് കുട്ടി സംശയത്തോടെ എന്നെ നോക്കുകയാണ്. അങ്ങിനെയാണ് കഥ തുടങ്ങുന്നത്.
കഥയിതാണ്. വണ്ടിക്കുള്ളില്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത ഒരു മണം. മണമല്ല ഒരു ദുര്‍ഗന്ധം. അത്രയും അസഹനീയമായ നാറ്റം അതുവരെയും അനുഭവിച്ചിട്ടില്ല. ഞാന്‍ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി . യാത്രക്കാര്‍ക്കാര്‍ക്കും പ്രത്യേകിച്ച് ഭാവഭേദമൊന്നും ഇല്ല. എങ്കിലും വണ്ടി വെട്ടിത്തിരിക്കുമ്പോഴോ അല്ലെങ്കില്‍ വല്ല കുണ്ടിലോ കുഴിയിലോ ചാടുമ്പോഴോ മാത്രം മ്ലാനവദനന്റെ മുഖം എന്തോ വേദന തിന്നുന്ന പോലെയുണ്ട്. വണ്ടിയുടെ വശങ്ങളിലെ ചില്ലുകളെല്ലാം താഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ വശങ്ങളില് നിന്നും കാറ്റടിച്ചിട്ടുപോലും ദുര്‍ഗന്ധത്തിന് കുറവൊന്നുമില്ല.
ഞാനും നാരായണന് കുട്ടിയും ഇടക്കിടെ മുഖത്തോട് മുഖംനോക്കി ഏതാനും ദൂരം പോയി. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ അത്രയും സമയം ഞാന്‍ കണ്ണാടിയിലൂടെ ആ മ്ലാനവദനനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. തുരുമ്പിച്ചു പോയ ഒരു നാസികാഗ്രം. തടിച്ച് തൂങ്ങിയ കീഴ്ക്കാതുകള്‍ . ചട്ടുകം പോലെയായിപ്പോയ കൈപ്പടങ്ങള്‍ തുണിയില്‍ മൂടി ഷൂവില്‍ ഒളിപ്പിച്ച പാദങ്ങള്‍ . യാത്ര ആശുപത്രിയിലെക്കാണല്ലോ, അത് കൊരട്ടിയിലാണല്ലോ , എന്നൊക്കെ ചേര്‍ത്ത് വായിച്ചു നോക്കിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.
കൊരട്ടിയിലുള്ള കുഷ്ടരോഗാശുപത്രിയിലേക്കാണ് അയാളെ കൊണ്ടുപോകുന്നത്. ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത് അയാളുടെ കൈകാലുകളിലെ പഴുത്ത മുറിവുകളില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധമാണ്.
കുണ്ടന്നൂര്‍ ചുങ്കത്ത് എത്തിയതും ഞാന്‍ വണ്ടി നിര്‍ത്തി. എന്തായാലും പെരുവഴിയില്‍ അവരെ ഇറക്കിവിടാനൊന്നും എനിക്കാകുമായിരുന്നില്ല. രണ്ട് പാക്കറ്റ് ചന്ദനത്തിരി വാങ്ങി. ഒരു പാക്കറ്റ് പൊട്ടിച്ച് ഡാഷ്ബോര്‍ഡില്‍ കത്തിച്ചു വച്ചു. വീണ്ടും കാര്‍ വിട്ടു.
ദുര്‍ഗന്ധത്തിന് ഒട്ടും കുറവില്ല. തല പെരുത്ത് കയറുന്നുണ്ട്. നാരായണന് കുട്ടി അതിലധികം എന്തൊക്കെയോ സഹിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം വണ്ടി കഴുകുന്ന തോര്‍ത്തുമുണ്ടു കൊണ്ട് മുഖം മൂടിക്കെട്ടിയാണ് ഇരിക്കുന്നത്.
ഇപ്പോള്‍ അവര്‍ക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലായിരിക്കുന്നു. ആ സ്ത്രീ എന്തോ അപരാധം ചെയ്തെന്ന മട്ടില്‍ തല താഴ്ത്തിയാണ് ഇരിക്കുന്നത്. കൂടെയുള്ള ചെറുപ്പക്കാരില്‍ ഒരാള്‍ ഒരു ബീഡി വലിച്ച് അതിന്റെ പുക പുറത്തേക്ക് വിടുന്നുണ്ട്. അപരന് കണ്ണാടിയിലൂടെ ഇടയ്ക്കിടെ എന്റെ ഭാവമാറ്റങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു.
എന്തായാലും രണ്ടാമത്തെ പാക്കറ്റ് ചന്ദനത്തിരി കത്തിത്തീരാറായപ്പോഴേക്കും വണ്ടി തണല്‍ മരങ്ങളുടെ ഇടയിലൂടെ ആശുപത്രിയുടെ മുന്നില്‍ എത്തിച്ചേര്‍ന്നു. അവര്‍ എല്ലാവരും ആശുപത്രിയുടെ ഉള്ളിലേക്ക് കയറിപ്പോയതും നാരായണന്‍കുട്ടി ഓടിപ്പോയി ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് ചര്‍ദ്ദിച്ചു.
വണ്ടിയില്‍ അപ്പോഴും ദുര്‍ഗന്ധം നിലനില്‍ക്കുന്നത് കൊണ്ട് ഞങ്ങള്‍ പുറത്ത് ഒരു മരത്തണലില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തേക്ക് പോയ ഒരു ചെറുപ്പക്കാരന് വന്ന് രോഗിയെ അവിടെ അഡ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ നമുക്ക് തിരിച്ചുപോകാം എന്ന് പറഞ്ഞു കൊണ്ട് ഒരു ബീഡി കത്തിച്ചു.
അയാള്‍ ബീഡിവലിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തിരുന്നു. ആ ഇരുപ്പില്‍ അയാള്‍ മ്ലാനവദനന്റെ ജീവിതകഥ പറഞ്ഞു.
ആ കഥയിങ്ങനെ..
മ്ലാനവദനന്‍ ഒരു കൂലിപ്പണിക്കാരനായിരുന്നു. ചാവക്കാട് പോയി പണിയെടുത്തു കൊണ്ടിരുന്ന കാലത്ത് ഒരു വലിയ വീട്ടിലെ പെണ്‍കുട്ടിയുമായി സ്നേഹത്തിലായി. രണ്ടുപേരും ഒരേ മതസ്ഥരായിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചില്ല. അവളുടെ അഞ്ച് സഹോദരന്മാരും എതിര്‍ത്തു. ഒടുവില്‍ രണ്ടുപേരും കൂടി ഒളിച്ചോടി ഇവിടെ വന്ന് കല്യാണം കഴിച്ചു. രണ്ടുമൂന്ന് കുട്ടികള്‍ ഉണ്ടായ ശേഷമാണ് അയാള്‍ക്ക് അസുഖം തുടങ്ങുന്നത്. ഈ ആശുപത്രിയില്‍ വന്ന് കുറച്ചുകാലം മരുന്ന് കഴിച്ചപ്പോള്‍ അസുഖം ഭേദമായി. പിന്നെ ഇപ്പോള്‍ മരുന്നൊക്കെ നിര്‍ത്തിയത് കൊണ്ടായിരിക്കണം വീണ്ടും തുടങ്ങി. ഇപ്പോള്‍ നില പഴയതിലും വഷളായി.
ചെറുപ്പക്കാരന് കാര്യത്തിലേക്ക് കടന്നു.
എന്നാല്‍ ആ സ്ത്രീയെ സമ്മതിക്കണം. അയാളെ ഉപേക്ഷിച്ച് കുട്ടികളെയും കൂട്ടി തിരിച്ചു ചെല്ലാന്‍ അവരുടെ ആങ്ങളമാര് നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, അവര്‍ അതിനൊന്നും സമ്മതിക്കുന്നില്ല. സഹോദരന്മാര് ഒരു സ്ഥലം വാങ്ങി അതില്‍ വീടും വച്ചു കൊടുത്തു. മാസാമാസം ചിലവിനുള്ളതും ചികില്‍സിക്കാനുള്ളതും എല്ലാം അവര്‍ കൊടുക്കുന്നുണ്ട്.. അവരേയും ഈ സ്ത്രീയെയും ഓര്‍ത്തിട്ടാണ് ഞങ്ങള്‍ ഒപ്പം വന്നത്. ഇയാള്‍ പണ്ടേ ആരോടും ഇണങ്ങാത്ത ഒരു പ്രകൃതമാണ്. .
അയാള്‍ വീണ്ടും ഒരു ബീഡി കൂടി കത്തിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അടുത്ത ചെറുപ്പക്കാരന് വന്നു. അയാള്‍ നിരാശയോടെ പറഞ്ഞു: ഇവിടെ അഡ്മിറ്റ് ചെയ്യാന്‍ പറ്റില്ലെന്നാ ഡോക്ടര്‍ പറയുന്നത്. ഇവിടെ നിന്നും ചാടിപ്പോയതാണത്രേ അയാള്‍ .
ദുര്‍ഗ്ഗന്ധം സഹിച്ച് വീണ്ടും ഒരു മടക്കയാത്ര. അത് സഹിക്കാനുള്ള ശേഷി എനിക്കില്ല. നാരായണന് കുട്ടിക്കും. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു വഴി തെളിഞ്ഞാലോ എന്ന് കരുതി ഞാനും അവരുടെ കൂടെ അകത്തേക്ക് ചെന്നു. വളരെ പ്രായമുള്ള ഒരു അച്ചന് ഡോക്ടര്‍ . അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ഇത്ര ദയനീയാവസ്തയിലായ ഒരു രോഗിയെ ഇങ്ങിനെ നിഷ്കരുണം ഇറക്കിവിടുന്നത് മനുഷ്യത്വമല്ലെന്നും എങ്ങിനെയെങ്കിലും ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും പറഞ്ഞു. അദ്ദേഹത്തിനറിയേണ്ടത് ഞാന്‍ രോഗിയുടെ ആരെങ്കിലുമാണോ എന്നാണ്. അയാളെ കൊണ്ടുവന്ന കാറിന്റെ ഡ്രൈവര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഇയാള്‍ ഒരു നിശ്ചിത കാലയളവ് വരെ ഇവിടെ താമസിച്ച് കൃത്യനിഷ്ഠയോടെ ചികില്‍സ തുടരേണ്ട ഒരു രോഗിയായിരുന്നു. എന്നാല്‍ അതൊക്കെ തെറ്റിച്ചുകൊണ്ടാണ് ഇവിടെനിന്നും ഒളിച്ചോടിപ്പോയത്. ഇനി ഇയാളെ ഇവിടെ ചികില്‍സിക്കാനാവില്ല. ഇനി മരുന്നുകളൊന്നും ഇയാളില്‍ ഫലിക്കില്ല. രോഗം പിടിവിട്ടു പോയിരിക്കുന്നു.
ഞാന്‍ മ്ലാനവദനനെ നോക്കി. അതെ, അയാള്‍ എല്ലാം കേള്‍ക്കുന്നുണ്ട്. എന്നാല്‍ അപ്പോഴും അയാള്‍ നിര്‍വ്വികാരന്‍ തന്നെ.
ഒരിക്കല്‍ കൂടി ദയ കാണിക്കണം സര് എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ക്ഷുഭിതനായി: ഈ അവസ്ഥയില്‍ ഇയാളുടെ കൂടെ ഏതാനും മണിക്കൂറുകള്‍ യാത്രചെയ്തപ്പോഴേക്കും നിങ്ങള്‍ക്ക് മടുത്തുപോയില്ലെ..? ഞങ്ങള്‍ എത്രയോ വര്‍ഷങ്ങളായി ഇങ്ങിനെയുള്ള നൂറുകണക്കിന് പേരെ കാണുന്നവരാണ്. ഇവരുടെ മനശ്ശാസ്ത്രം ഞങ്ങള്‍ക്ക് ശരിക്കും അറിയാം. ഇവരില്‍ ചിലര്‍ മനസ്സും ചിന്തയും വരെ ദുഷിച്ചുപോയവരാണ്. എല്ലാവരും തന്നെപ്പോലെയായിത്തീരണം എന്ന് ചിന്തിക്കുന്ന ജനുസ്സില്‍പ്പെട്ടവനാണ് ഇയാള്‍ . അതുകൊണ്ട് ഇനി ഇവിടെ നിന്ന് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. എത്രയും പെട്ടെന്ന് ഇയാളെയും കൊണ്ട് ഇവിടെ നിന്നും പോകൂ..
നിസ്സഹായരായി ഞങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഡോക്ടര്‍ എന്നെ മാത്രം അകത്തേക്ക് വിളിച്ചു: സുഹൃത്തെ, ആത്മാര്‍ഥതയോടെയാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ ഇയാളെ എത്രയും പെട്ടെന്ന് അടൂരിലേക്ക് കൊണ്ട് പൊയ്ക്കോളൂ .. ചിലപ്പോള്‍ അവിടെ അഡ്മിറ്റ് ചെയ്തേക്കും.
തിരിച്ചു ചെല്ലുമ്പോള്‍ എല്ലാവരും വണ്ടിയില്‍ കയറിയിരിക്കുന്നു. ആ സ്ത്രീ വീണ്ടും മുഖം കുനിച്ച് ഒരപരാധിയുടെ മട്ടിലാണ് ഇരിക്കുന്നത്. ഡോക്ടര്‍ എന്താണ് പറഞ്ഞതെന്നറിയാന്‍ അവര്‍ക്കും ആകാംക്ഷയുണ്ട്. ഞാന്‍ ഒന്നും പറയുന്നില്ലെഞ്ഞറിഞ്ഞപ്പോള്‍ ചെറുപ്പക്കാരില്‍ ഒരാള്‍ പറഞ്ഞു:
നമുക്ക് തിരിച്ചുപോകാം..
ഞാന്‍ ഒന്നും പറഞ്ഞില്ല. എങ്ങിനെയെങ്കിലും ഇയാളെ തിരിച്ചു കൊണ്ടുപോയി തടിയൂരണം എന്നാണ് എന്റെ മനസ്സിലും ഉള്ളത്. നാരായണന്‍കുട്ടി രണ്ട് പാക്കറ്റ് ചന്ദനത്തിരി കൂടി വാങ്ങി വന്നു കഴിഞ്ഞു. അതിന്റെ പുകയില്‍ ഞങ്ങള്‍ അത്താണിയും കടന്നു.
ഒടുവില്‍ പാര്‍ളിക്കാട് ഗയിറ്റില് തീവണ്ടിപോകാന്‍ കാത്തു കിടക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന് ചോദിച്ചു .. അല്ല ഡ്രൈവറെ, എന്തിനാ പോരാന്‍ നേരത്ത് ഡോക്ടര്‍ വിളിപ്പിച്ചത്?
തീവണ്ടി പോകുന്നത് വരെ ഞാന്‍ കാത്തു നിന്നു. ഒടുവില്‍ ചുറ്റുവട്ടത്തെ ഒച്ചയും അനക്കവും ഒക്കെ തീര്‍ന്നപ്പോള്‍ വരുന്നത് വരട്ടെയെന്ന് ഉറപ്പിച്ചു കൊണ്ട് പറഞ്ഞു:
ഇയാളെ അടൂരിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്.
..ന്റെ കുട്ടി പാലുടിക്കാതെ കെടന്ന് നെലോളിക്കുണ്ണ്ടാകും.. അതോണ്ടാ.. അല്ലെങ്കി ഇപ്പത്തന്നെ തിരിച്ചു അടൂരുക്ക് വിടാര്‍ന്നു..
ആദ്യമായാണ് ആ സ്ത്രീയുടെ ചുണ്ടുകള്‍ അനങ്ങിയത്. എന്നാല്‍ അത് കേട്ടപ്പോള്‍ എനിക്ക് വളരെ സമാധാനമായി. അടൂരിലേക്കുള്ള വഴിദൂരമൊന്നും സഹിക്കാന്‍ ഈ നിലയില്‍ എന്നെക്കൊണ്ടാവില്ല. ഗയിറ്റ് തുറന്ന് കാര്‍ വീണ്ടും ഓടിത്തുടങ്ങി. അവര്‍ അയാളോട് ഇങ്ങിനെ പറയുന്നത് കേട്ടു:
ന്റെ ആങ്ങളമാര് വന്ന് ന്നെ പിടിച്ചു കൊണ്ട് പോവൂന്ന് പേടിച്ചിട്ട് ആസ്പത്രീന്ന് ഓടിപ്പോന്നതല്ലേ.. തിരിച്ചു പൊയ്ക്കോളാന്‍ അന്നന്നെ ഞാന്‍ പറഞ്ഞതല്ലേ.. അതൊന്നും കൂട്ടാക്കതിപ്പോ.. വയ്യലോ ന്റെ റബ്ബേ..
അവരുടെ കവിളിലൂടെ ഒരു പുഴയൊഴുകികൊണ്ടിരുന്നു.
പക്ഷെ, അയാളുടെ മ്ലാനവദനം പൂര്‍വ്വാധികം നിര്‍വ്വികാരം.
വണ്ടി വീണ്ടും ആ വീട്ടുപടിക്കല്‍ ചെന്നു നിന്നു. ചെറുപ്പക്കാര്‍ അയാളെ അകത്തേക്ക് കൊണ്ടു പോയി. വാടിക്കുഴഞ്ഞൊരു കൈക്കുഞ്ഞിനേയും മാറത്തടുക്കിപ്പിടിച്ചുകൊണ്ട് അയാളുടെ ഭാര്യ വേഗം തിരിച്ചെത്തി. ഉള്ളം കൈയില്‍ ചുരുട്ടിപ്പിടിച്ച കുറെ നോട്ടുകള്‍ ഒരു ചെറുപ്പക്കാരനെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു: ചായകുടിക്കാനുള്ളത് കൂടി കൊടുക്കണം.
അതൊന്നും വേണ്ട.. വാടക മാത്രം മതി.. ഉടനടി ഞാന്‍ പറഞ്ഞു.
ആ നോട്ടുകള്‍ ഞാന്‍ എണ്ണിനോക്കിയില്ല. എത്രയും പെട്ടെന്ന് സ്ഥലം വിടാനായി ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ അടുത്തു വന്ന് ചെറിയൊരു ശങ്കയോടെ ചോദിച്ചു:
നാളെ രാവിലെ അടൂരുക്ക് പോരാമ്പറ്റ്വോ..?
അവരുടെ മുഖത്തേക്ക് നോക്കാന്‍ ഞാന്‍ ഭയന്നു. പൊട്ടിത്തുളുമ്പിയ ആ കണ്ണുകളില്‍ നോക്കി ഒരു നുണ പറയാന്‍ ആവാത്തത് കൊണ്ട് അകലെയുള്ള തേക്കിന് കാട്ടിലേക്ക് ഞാന്‍ മുഖം തിരിച്ചു.
അത്.. ഇല്ല.. നാളെ വേറെയൊരു വാടക ഏറ്റിട്ടുണ്ട്..
പടച്ചവന് എന്നോട് പൊറുക്കട്ടെ..
എത്രയോ വട്ടം കുളിച്ചിട്ടും എന്തോ ഒരു കുറ്റബോധം കൊണ്ട് എനിക്ക് എന്നെത്തന്നെ മണത്തു കൊണ്ടിരുന്നു. അയല്‍ക്കാരായ ആ ചെറുപ്പക്കാരെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ സ്വയം ചെറുതായിക്കൊണ്ടിരുന്നു.
പിന്നെയും കുറേക്കാലത്തോളം തൃശൂരിലേക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയിലെല്ലാം ആളനക്കമുള്ള ആ വീട് അവിടെത്തന്നെ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ഭൂമിയിലില്ലാത്ത ഏതോ ഒരു അപൂര്‍വ്വ പുഷ്പത്തിന്റെ സുഗന്ധമുള്ള ഒരു കാറ്റ് അതിനു ചുറ്റും വലം വച്ചിരുന്നു.
43 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
കൊരട്ടി ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമാണ് - പക്ഷേ ഈ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പറ്റിയിട്ടില്ല.
പിന്നെ താന്‍ അതുചെയ്യാന്‍ പാടില്ലായിരുന്നു എന്ന കുറ്റബോധം അടിക്കടി അലട്ടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത.
ഓര്‍മ്മകളില്‍ ദുര്‍ഗന്ധത്തേക്കാള്‍ ഉപരി സുഗന്ധം നിറഞ്ഞു നില്ക്കുന്നു.......
നന്നായിരിക്കുന്നു മാഷെ
ആശംസകള്‍
മനസ്സിനെ സ്പർശിച്ച രചന ......
നമസ്കാരം മാഷെ.. കൂടുതല്‍ ഒന്നും പറയാനില്ല..
മനസ്സില്‍ മായാതെ....
നല്ല മനസ്സറിഞ്ഞ ഏവരുടേയും പ്രാർത്ഥനകളുണ്ട് കൂടെ..
സ്ഥലങ്ങളെല്ലാംതന്നെ വളരെ പരിചിതമായതോണ്ടായിരിക്കാം കൂടെ സഞ്ചരിച്ചവരെല്ലാം ഹൃദയത്തിൽ തൊട്ടു സംവേദിച്ചു..
നന്ദി ഇക്കാ ഈ വേദനയിൽ കൂടെ കൂട്ടിയതിനു..
അനുഭവത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു . അഭിനന്ദനം
വായനക്കും അഭിപ്രായത്തിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..
ഈ കുറിപ്പിനെക്കുറിച്ച് ചിലത് കൂടി..
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നത് മേല്പറഞ്ഞ പ്രദേശങ്ങളിലായിരുന്നു. വരവൂര്‍ ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ വച്ച് ഒരു പരിശോധനയില്‍ എട്ടാംക്ലാസിലെ ഒരു സഹപാഠിക്കടക്കം പത്തിലധികം പേര് രോഗബാധിതരായിരുന്നു എന്നത് ഓര്‍മ്മ വരുന്നു. ഈ രോഗം ബാധിച്ച ഒരു പാട് നാട്ടുകാരെയും അറിയാം. മിക്കവരുടെയും താവഴിയില്‍ നിന്നും ഇപ്പോള്‍ ആ രോഗം അപ്രത്യക്ഷമായിരിക്കുന്നു എന്നത് വളരെ ആശ്വാസകരം തന്നെ. ആ സ്ത്രീയുടെ ത്യാഗസന്നദ്ധതയും അയല്‍ക്കാരായ , അന്യമതസ്ഥര്‍ കൂടിയായ ആ ചെറുപ്പക്കാരുടെ ഹൃദയവിശാലതയും മാത്രമാണ് ഇവിടെ പ്രകീര്‍ത്തിക്കപ്പെടേണ്ടത്. വണ്ടിയോടിയതിനുള്ള വാടകയും വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാന്‍ ചെയ്തത്. പക്ഷെ, അപ്പോഴും അവരെപ്പോലെയൊരു സന്മനസ്സ് ഉണ്ടായിരുന്നില്ലല്ലോ എന്ന ചിന്തയും..
എങ്കിലും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ..
പകരം വയ്ക്കാനില്ലാത്ത ആ സ്ത്രീയുടെ ത്യാഗസന്നദ്ധതയും , ആ ചെറുപ്പക്കാരുടെ ഹൃദയവിശാലതയും കൊണ്ട് മാത്രമാണ് ഈ ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ കിടക്കുന്നത്. അവരുടെ സന്മനസ്സിനു തന്നെയാണ് ഈ കുറിപ്പിലൂടെയുള്ള പാശ്ചാത്താപത്തേക്കാള്‍ മഹത്വം.
നാൽപ്പത് വർഷങ്ങൾക്ക് ശേഷവും താങ്കളെ ആ സംഭവം വേട്ടയാടുന്നത് , നന്മ മനസ്സിനെ വെളിപ്പെടുത്തുന്നു.
ഈ എഴുത്ത്,,,,,
അഭിനന്ദനങ്ങള്‍
വായിച്ചു വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. തികച്ചും പരിതാപകരമായ ആ മനുഷ്യന്റെ ജീവിതത്തില്‍ ഭാര്യയുടെ സഹനം ശരിക്കും കണ്ണ് നിറച്ചു.
അനുഭവങ്ങള്‍ ഇത്ര തീവ്രമായും എഴുതാം അല്ലെ? ആശംസകള്‍
സ്വന്തം മനസ്സ് തുറന്നു കാണിച്ച
എഴുത്ത്
അന്നാ രോഗിയേയും കൊണ്ടുള്ള പ്രയാണത്തിലെ അവസ്ഥാവിശേഷങ്ങളെല്ലാം ,
അതേപോൽ തീവ്രമായി തന്നെ തൊട്ടറിയിക്കുന്ന വായന തന്നിരിക്കുകയാണ് ഭായ് ഈ അനുഭവത്തിലൂടെ
നമുക്ക് നല്ലവണ്ണം അറിയാവുന്ന സ്ഥലങ്ങളിലൂടെയായിരുന്നു ആ യാത്രയെന്നത് വായിക്കാൻ കൂടുതൽ ആവേശം നൽകി.
ഉള്ളിൽ തട്ടുന്ന രചന.. അപൂർവ്വമായ അനുഭവം... ഒരു നൊമ്പരം എവിടെയോ ഇവരൊക്കെ ഇപ്പോഴും ഉള്ളതു പോലെ...
മറക്കുന്നു ..ഇക്കയുടെ വേദനയും മനസ്സിലാവുന്നു..ഹൃദയസ്പർശിയായ എഴുത്ത് ..
ബ്ലോഗ് സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ