അവന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ചോദിക്കാന്‍ തുടങ്ങി:
കുട്ടി എവിടെ നിന്നു വരുന്നു..? എന്തിനു വരുന്നു..? എങ്ങോട്ടു പോകുന്നു..?
ഒരുപാട് ദൂരെന്നാണ്.. അവന് തെക്കോട്ട് വിരല്‍ ചൂണ്ടി:
അവിടെ തിച്ചൂര്‍ കാടിനപ്പുറത്തുള്ള തിരുവിതാംകൂര്‍ ദേശത്ത് നിന്നാ..
എന്റെ ദേവീ.. അവര്‍ സ്വന്തം തലയില്‍ കൈ വച്ചു നിലവിളിച്ചു:
എന്ത്..? നിയ്യ് ഇത്രദൂരത്ത് നിന്നും ഒറ്റയ്ക്ക് വന്നുവെന്നോ?
അഭിമാനത്തോടെ അതേയെന്ന അര്‍ത്ഥത്തില്‍ അവന് തലകുലുക്കി. അതല്ലാതെ അതിനു പറ്റിയ ഒരു മറുപടിയൊന്നും അപ്പോള്‍ അവന്റെ കയ്യിലുണ്ടായിരുന്നില്ല.
എന്താ നിന്റെ പേര്? അവര്‍ വീണ്ടും ചോദിച്ചു:
മണി..
മണി.. കിണി.. അതെന്തെങ്കിലും ആയ്ക്കോട്ടെ.. എന്നാലും ഇത്ര അകലെ നിന്നൊക്കെ നീ ഒറ്റക്ക് വന്നൂന്ന് പറയുമ്പം വിശ്വസിക്കാനേ തോന്നുന്നില്ല.
പിന്നെ അവര്‍ ഓരോന്നൊക്കെ ചോദിക്കാനും പറയാനും തുടങ്ങി. ചിലതിനൊക്കെ മറുപടി പറയുമ്പോള്‍ അവനു സങ്കടം വന്നു. അറിയാതെ അവന്റെ കണ്ണു നിറഞ്ഞപ്പോള്‍ അവരുടെയും കണ്ണു നിറഞ്ഞു. ഒടുവില്‍ ആയമ്മയുടെ മുഖത്തേക്കു നോക്കുമ്പോഴൊക്കെ അവന് അതു തന്റെ വല്യുമ്മയായി തോന്നാന്‍ തുടങ്ങി.
അതിലിടക്ക് അവര്‍ സ്വന്തം കാര്യങ്ങളും പറഞ്ഞു. അങ്ങിനെ അവന് ഏതാണ്ടൊക്കെ മനസ്സിലായി. ആയമ്മയും ഭര്‍ത്താവും മാത്രമാണ് അവിടെ താമസിക്കുന്നത്. മക്കളെല്ലാം മദ്രാസിലും ബോംബെയിലും ഒക്കെയാണ്. അവരുടെ ഭര്‍ത്താവ് അടുത്തുള്ള പള്ളിക്കൂടത്തിലെ മാഷാണ്. അദ്ദേഹം രാവിലെ പോയാല്‍ തിരിച്ചുവരുന്നതുവരെ അവിടെ അവര്‍ ഒറ്റക്കാണ്.
കള്ളന്മാര്ക്കും ഇതെല്ലാം അറിയാമെന്ന് അവനു മനസ്സിലായിക്കഴിഞ്ഞു. അവിടെ മറ്റാരുമില്ലാത്ത തക്കം നോക്കിയാണ് കള്ളസ്സന്യാസി വന്നു പോയത്. അവിടെ അയാള്‍ എന്തോ ഒരു കുന്ത്രാണ്ടവും ഒപ്പിച്ചു വച്ചിട്ടുണ്ട്. പക്ഷെ, അതെന്താണെന്നൊന്നും അവനറിയില്ല.
അവന് ചോദിച്ചു: കുറച്ചു മുമ്പ് ഇവിടെ ഒരു സന്യാസി വന്നില്ലേ?
ഉവ്വ്.. അവര്‍ പറഞ്ഞു: ഇവിടെ നിത്യവും ഒരുപാടു പേര് വരും. പാവങ്ങള്‍ക്ക് എന്തെങ്കിലും കൊടുക്കാതെ ഞാന്‍ തിരിച്ചയക്കാറില്ല. അതെല്ലാവര്‍ക്കും അറിയാം.
ആ സന്യാസി പ്രത്യേകിച്ചെന്തെങ്കിലും പറഞ്ഞോ?
എല്ലാവരും പറയുന്നത് പറഞ്ഞു. ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് ആശിര്‍വദിച്ചു. അല്ല നീയെന്താ ഇങ്ങിനെയൊക്കെ ചോദിക്കുന്നത്..? നിനക്കെങ്ങനെയാണ് അദ്ദേഹത്തെ പരിചയം? അതോ.. നിനക്ക് സന്യാസിമാരെ പേടിയാണോ?
അത്.. അത്.. എന്നു അവന് എന്തെങ്കിലും പറയാന്‍ തുടങ്ങിയപ്പോഴേക്കും പുറത്ത് ഒരു വിളികേട്ടു:
ഭാര്‍ഗ്ഗവീ..
അകത്തേക്കു കടന്നു വരുന്ന ആളെ കണ്ടപ്പോള്‍ , ആ മാഷ് എത്തിയല്ലോ എന്നു പറഞ്ഞു അവര്‍ എഴുന്നേറ്റു.
മാഷ് സ്കൂള്‍ വിട്ടു വരികയായിരുന്നു. അവനെകണ്ടപ്പോള്‍ മാഷ് ഏതാ ഈ കുട്ടി എന്നു ചോദിച്ചു അവന്റെ അടുത്തേക്ക് വന്നു.
ഇവന് തിരുവിതാകൂറില് നിന്നും വരികയാണത്രേ..! അവരുടെ അതിശയം അപ്പോഴും അടങ്ങിയിട്ടില്ല. കുറച്ചു വെള്ളം ചോദിച്ചു വന്നതാ.. ഞാനല്‍പ്പം ഭക്ഷണം കൊടുത്തു.
അതു നന്നായി. എന്താ നിന്റെ പേര്? എങ്ങോട്ട് പോകുന്നു.? വീട്ടീന്നു ചാടിപ്പോന്നതാണോ..?
മാഷ് ഗൌരവത്തിലാണ് ചോദിച്ചത്. അദ്ദേഹത്തിനും അതെല്ലാം അറിയണം.
എന്റെ പേര് മണീന്നാ.. പട്ടണത്തിലുള്ള ഒരാളെ കാണാന്‍ വന്നതാ..
ഇവന് സന്യാസിമാരെയൊക്കെ പേടിയാണത്രേ.. ഇവന് അതു പറയുകയായിരുന്നു.
അത്രയൊക്കെ പേടിയുള്ളവര്‍ ഇത്ര ദൂരത്തുനിന്നും പട്ടണത്തിലേക്കൊക്കെ വരുമോ?
അങ്ങിനെയൊരു ആത്മഗതത്തിനൊപ്പം അദ്ദേഹത്തിന്റെ അടുത്ത വാക്കുകളും: സൂക്ഷിക്കണം..
അതു തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായപ്പോള്‍ അവന് ഒരു വല്ലായ്മ തോന്നി. അവന് പെട്ടെന്ന് പറഞ്ഞുപോയി:
ഇവിടെ വന്ന ആ സന്യാസി ഒരു കള്ളനാണ്.. അയാളെയാണ് സൂക്ഷിക്കേണ്ടത്..!
ഏതു സന്യാസി..? മാഷക്കൊന്നും മനസ്സിലായില്ല. അദ്ദേഹത്തിന് യാതൊന്നും അറിയില്ലല്ലോ.
പക്ഷെ, ആയമ്മക്കത് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവരുടെ മുഖം കറുത്തിരുണ്ട മട്ടിലായി. അവര്‍ അത് രസിക്കാത്ത മട്ടില്‍ അവനെ നോക്കുകയും ചെയ്തു.
ഏതു സന്യാസിയുടെ കാര്യമാ നീ പറയുന്നത്..? മാഷ് വീണ്ടും തിരക്കി.
ഇന്നിവിടെ ഒരു സന്യാസി വന്നിരുന്നു. അയാളുടെ കാര്യം തന്നെ.. അയാള്‍ സന്യാസിയൊന്നുമല്ല. ഒരു പെരുങ്കള്ളനാണ് എല്ലാം എനിക്കറിയാം..
എന്താണീ കുട്ടി പറയുന്നത്..? ഇന്നിവിടെ അങ്ങിനെ ആരെങ്കിലും വന്നിരുന്നോ..?മാഷ് ഭാര്യയുടെ നേരെ തിരിഞ്ഞു. അവരുടെ മുഖത്ത് ഒരു വിളര്‍ച്ച പടര്‍ന്നിട്ടുണ്ട്. അതു മാഷക്കും മനസ്സിലായിക്കാണും.
പറ ഭാര്‍ഗ്ഗവീ.. എന്താ നിനക്കൊരു വല്ലായ്മ..?മാഷ് വീണ്ടും ചോദിച്ചു.
ഒരു പാവം സന്യാസി വന്നിരുന്നു. ഇവന് പേടിച്ചു പോയതുകൊണ്ടായിരിക്കും ഇങ്ങിനെ എന്തൊക്കെയോ വിളിച്ചുപറയുന്നത്..?
ഇവിടെ വന്നത് സന്യാസിയൊന്നും അല്ല. അത് വേഷം മാറി വന്ന ഒരു കള്ളനാണ്. അയാളും വേറെ മൂന്നു കള്ളന്മാരും കൂടി ഇവിടെ കക്കാനുള്ള പരിപാടിയുണ്ട്. അവര്‍ പറയുന്നതെല്ലാം ഞാനും കൂടി കേട്ടതാണ്.
വീണ്ടും അവന്റെ ഉറച്ച വാക്കുകള്‍ കേട്ടപ്പോള്‍ ആയമ്മ പരുങ്ങി. ഒരു ഭയത്തോടെ അവര്‍ , എന്തോ പട്ടണത്തിലെ വിശേഷങ്ങള്‍ ഒന്നും എനിക്കറിയില്ലേ എന്നു മാത്രം പറഞ്ഞു.
അപ്പോള്‍ മാഷ് അവന്റെ ചുമലില്‍ പിടിച്ചു കുലുക്കി : സത്യമാണോ നീ പറയുന്നത്..? വേറെ എന്തൊക്കെയാണ് നീ കേട്ടത്..?
ഇവിടെയൊരു പട്ടിയുണ്ടെന്നും.. അതിനെ പ്രത്യേകം സൂക്ഷിക്കണം എന്നും ഒക്കെ അവര്‍ പറഞ്ഞതായി ഓര്‍മ്മ വരുന്നു.
ഏ..? മാഷും പകച്ചു കൊണ്ട് ചുറ്റും നോക്കി.
അല്ല.., എവിടെ നമ്മുടെ ടൈഗര്‍ ..? അവന്റെ ഒച്ചയൊന്നും കേള്‍ക്കുന്നില്ലല്ലോ.. ടൈഗര്‍ .. ടൈഗര്‍ എന്ന് വിളിച്ചു മാഷ് വീടിനു പിന്‍വശത്തുള്ള പട്ടിക്കൂടിന്നടുത്തേക്ക് നടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഭാര്‍ഗ്ഗവീ ഇവനെന്തുപറ്റി..? മിണ്ടുന്നില്ലല്ലോ എന്നൊക്കെ വിളിച്ചു പറയുന്നത് കേട്ടു.
അവന് ആയമ്മക്കൊപ്പം അങ്ങോട്ടോടിച്ചെന്നു.
അനക്കമില്ലാതെ ചത്തപോലെ കിടക്കുന്ന പട്ടിയെ നോക്കി ചതിച്ചല്ലോ ഈശ്വരാ എന്നു പറഞ്ഞു ആയമ്മ കരയാന്‍ തുടങ്ങി. അപ്പോള്‍ മാഷ് ചോദിച്ചു:
ഭാര്‍ഗ്ഗവീ അയാള്‍ കുറേയധികം സമയം ഇവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നോ.. നീയറിയാതെ അകത്തെക്കെങ്ങാനും വന്നൊ?
ഹേയ്.. ഉമ്മറത്ത് ഇരുന്നതേയുള്ളൂ.. അതെനിക്ക് ഉറപ്പുണ്ട്..
അങ്ങിനെ പറയുമ്പോഴും ആയമ്മയുടെ ശബ്ദത്തില്‍ ഒരു വിറയലും വേവലാതിയും ഉണ്ട്.എന്നാല്‍ അവര്‍ കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ വേഗം അകത്തേക്കോടിപ്പോയി. പിന്നെ അതേ വേഗത്തില്‍ തന്നെ തിരിച്ചു വരികയും ചെയ്തു.
ഈ കട്ടി പറയുന്നതൊക്കെ വാസ്തവമാണെങ്കില്‍ ദേ.. ഇതെന്തോ ചതിയാണ്..
തന്റെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ അവര്‍ ഒരു പൊതി ഭര്‍ത്താവിന്റെ കയ്യില്‍ കൊടുത്തു: തിരുപ്പതിയില്‍ നിന്നും പൂജിച്ചു കൊണ്ടുവന്ന പ്രസാദമാണെന്നാ പറഞ്ഞത്.. ഞാന്‍ വിശ്വസിച്ചുപോയി..
ഒരു കുറ്റബോധത്തോടെ അവര്‍ തല താഴ്ത്തി നിന്നു.
മാഷ് ആ പൊതിയഴിച്ചു നോക്കി. അതിലെ പ്രസാദം മണത്തു. പിന്നെ എന്തോ സംശയം തോന്നിയതുപോലെ മുറ്റത്തു ചിക്കിപ്പറക്കുന്ന കോഴിക്കൂട്ടത്തിലേക്ക് അതില്‍ നിന്നും ഒരല്‍പ്പം വാരി വിതറി.
കോഴികളില്‍ ചിലത് അതു കണ്ടപാടെ കൊത്തി അകത്താക്കി. അധികസമയം ഒന്നും കഴിഞ്ഞില്ല. ആ കോഴികള്‍ മത്തുപിടിച്ചത് പോലെ ആടിയാടി നടന്നു. പിന്നെ കണ്ണുകാണാത്ത പോലെ കുത്തനെ നടന്നു പോയി മുന്നിലെ മതിലില്‍ തട്ടി മറിഞ്ഞു വീഴാനും തുടങ്ങി.
ചതിച്ചു.. ചതിച്ചു.. എന്റെ ദേവീ.. ഞാന്‍ എന്തൊക്ക്യാണീ കാണുന്നത്.. എന്നെല്ലാം പിറുപിറുത്തുകൊണ്ട് ആയമ്മ വീണ്ടും നിലവിളിക്കാന്‍ തുടങ്ങി. എന്റെ ഭാര്‍ഗ്ഗവീ നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ എന്നു പറഞ്ഞു മാഷ് അവരെ ശാസിച്ചു. പിന്നെ മാഷ് അവന്റെ അടുത്തേക്കു വന്നു. നീ ഒരു മിടുക്കന് തന്നെ എന്നു പറഞ്ഞു അവന്റെ പുറത്തു തട്ടുകയും ചെയ്തു.
അപ്പോള്‍ ആയമ്മ അവന്റെ അടുത്തു വന്നു. അവര്‍ അവനെ അടുക്കിപ്പിടിച്ചു നെറുകില്‍ തലോടി.
എന്റെ ഈശ്വരാ.. വലിയൊരാപത്തില്‍ നിന്നാണ് ഇവന് ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നത് .. ആയമ്മ പിറുപിറുത്തു
കള്ളന്മാര് രാത്രി വരും..
അപ്പോള്‍ മണി അവരെ ഓര്‍മ്മപ്പെടുത്തി.
(തുടരും)
7
coment�rios
:
നന്നാവുന്നുണ്ട് മാഷെ.
ആശംസകള്‍
യാത്രയിൽ മണിയുടെ കൂടെ
:d ഡോക്ടര്‍ പ്രേമകുമാരന് നായര്‍ മാലങ്കോട്,
:d സിവി തങ്കപ്പന് ,
:d ബൈജു മണിയങ്കാല,
:d അഷ്റഫ് സല്‍വ,
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. cheer
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ